അതിദാരിദ്ര്യമുക്ത കേരളം; പ്രചാരണ പരിപാടികൾക്കായി വകമാറ്റിയത് ഒന്നരക്കോടി

അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രചാരണ പരിപാടിക്ക് സർക്കാർ വകമാറ്റിയത് ഒന്നരക്കോടി.ഷെൽറ്റർ നിർമ്മിക്കാൻ നീക്ക വെച്ച തുകയിൽ നിന്നാണ് വകമാറ്റിയത്. പത്രപരസ്യങ്ങൾക്കും ഉദ്ഘാടന പരിപാടിക്കുമാണ് ഈ തുക വകമാറ്റിയത്.
അതേസമയം കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര് നടക്കുകയാണ്. പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. ചട്ടങ്ങൾ ലംഘിച്ച് സഭ ചേർന്ന് സഭയേയും സർക്കാർ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം ഭയപ്പെടുന്നത് എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പ്രഖ്യാപനത്തെ തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്നും നടപ്പാക്കാൻ കഴിയുന്ന കാര്യമാണ് പറയാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെ പാർലമെൻററികാര്യ മന്ത്രി എം.ബി.രാജേഷ് വിമർശിച്ചു.ചരിത്രംഇവരെ കുറ്റക്കാരെന്ന് വിധിക്കുമെന്ന് പറഞ്ഞായിരുന്നു വിമർശനം. അതേസമയം പ്രഖ്യാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അതി വിപുലമായ പൊതുസമ്മേളനം ഉടൻ ആരംഭിക്കും. പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുത്തേക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.



