വലയിൽ കുടുങ്ങി പിന്നാലെ വീട്ടിലെ പൂച്ച കടിച്ച് കീറി, അവശനിലയിലായ മൂർഖന് രക്ഷകയായി ഉഷ

തിരൂർ: വലയിൽ കുടുങ്ങിയ മൂർഖനെ കടിച്ചു ചീന്തി പൂച്ച. ഒടുവിൽ മൂർഖന് രക്ഷകയായി ഉഷ. മലപ്പുറം തിരൂരിലാണ് സംഭവം. ഇന്നലെ രാവിലെയാണ് വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യൂവറായ ഉഷയെ തിരുനാവായയിൽ നിന്ന് നാട്ടുകാർ ബന്ധപ്പെടുന്നത്. സൌത്ത് പല്ലാറിൽ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ്. ഇതിന് പുറമേ സമീപത്തെ വീട്ടിലെ പൂച്ചയുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൂർഖനുണ്ടായിരുന്നത്. പാലപ്പറമ്പിൽ ജിജിഷ് എന്നയാളുടെ വീട്ടിൽ നിന്നാണ് മൂർഖൻ വലയിൽ കുടുങ്ങിയത്.
ചത്തു പോവുമെന്നും കുഴിച്ചിടാമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടതോടെ ചത്തിട്ടില്ലെന്നും സാധിച്ചാൽ രക്ഷിക്കാമെന്നും ടി പി ഉഷ പ്രതികരിച്ചത്. പിന്നാലെ പാമ്പുമായി ഉഷ തലക്കാട് മൃഗാശുപത്രിയിൽ എത്തി. എന്നാൽ പരിമിതമായ ചികിത്സാ സൌകര്യങ്ങളുള്ള ഇവിടെ വച്ച് വിഷ പാമ്പിനെ ചികിത്സിക്കുന്നതിലെ വെല്ലുവിളി തിരിച്ചറിഞ്ഞതോടെ ഉഷ മൂർഖനെ തിരൂർ മൃഗാശുപത്രിയിലേക്ക് എത്തുകയായിരുന്നു.
മരുന്നും ഇവിടെയുണ്ടായിരുന്ന ഡോ. അക്ഷയ് മൂർഖന് ചികിത്സ നൽകാൻ സമ്മതിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ മൂർഖന്റെ തല ഒരു പൈപ്പിനുള്ളിലാക്കി വച്ച ശേഷമായിരുന്നു ചികിത്സ. മൂർഖന്റെ മുറിവേറ്റ ഭാഗങ്ങൾ ഉഷ തന്നെ ഡോക്ടർക്കു കാണിച്ചുകൊടുത്തു. ഇവിടെ മരുന്നു വച്ചും ഇൻജക‍്ഷൻ നൽകിയുമുള്ള പരിചരണത്തിൽ മൂർഖൻ തലപൊക്കി. മൂർഖനെ വനംവകുപ്പിനു കൈമാറുമെന്ന് ഉഷ വിശദമാക്കി. പാമ്പാണെങ്കിലും ഒരു ജീവനല്ലേയെന്ന തോന്നലിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ടി പി ഉഷ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത് .