പുരുഷാധിപത്യ-ദളിത് വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്’; പുഷ്പവതിയെ പിന്തുണച്ച് WCC

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഗായിക പുഷ്പവതി പൊയ്പാടത്ത് സദസിൽ നിന്ന് തന്നെ അടൂരിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുഷ്പവതിയെ അധിക്ഷേപിച്ചുകൊണ്ട് അടൂര്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ അടൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിത കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ-ദളിത് വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി കുറിച്ചു. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും ഡബ്ല്യുസിസി അതിശക്തമായി അപലപിക്കുന്നെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഗായിക പുഷ്പവതിക്ക് പൂർണ പിന്തുണ നൽകുന്നതായും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.ദേശീയ പുരസ്‌കാര ജേതാവ് ഉർവ്വശിയെയും നിർമാതാവ് സാന്ദ്ര തോമസിനെയും ഡബ്ല്യുസിസി അഭിനന്ദിച്ചു. ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്. സാന്ദ്രാ തോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപൊരുതുന്നതെന്നും അവർ കുറിച്ചു.