കാട്ടാനയെ കണ്ട് ഭയന്ന ഗസ്റ്റ് ഹൗസ് ജീവനക്കാരന് ബൈക്ക് മറിഞ്ഞ് പരുക്ക്

പീരുമേട് ഗസ്റ്റ് ഹൗസ് ജീവനക്കാരന് ബൈക്കിൽ നിന്നും വീണ് പരുക്ക്
ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്ന ഗസ്റ്റ് ഹൗസ് ജീവനക്കാരന് ബൈക്ക് മറിഞ്ഞ് പരുക്ക്. പീരുമേട് ഗസ്റ്റ് ഹൗസിലെ ജീവനക്കാരൻ ഗോകുലാണ് ആനയുടെ മുന്നിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ ഗോകുൽ ഗസ്റ്റ് ഹൗസിലേക്കുള്ള സാധനങ്ങളുമായി ബൈക്കിൽ പോകുമ്പോൾ അപ്രതീക്ഷിതമായി കാട്ടാന റോഡിൽ എത്തുകയായിരുന്നു. ആനയെ കണ്ടതോടെ ഭയന്നു പോയ ഗോകുലിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തൊട്ടു പിന്നാലെയെത്തിയ കാര്‍ യാത്രികരും ഗസ്റ്റ് ഹൗസ് ജീവനക്കാരും ചേര്‍ന്ന് ഗോകുലിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ആന മരിയഗിരി സ്കൂളിനു താഴ് ഭാഗത്തേക്ക് നീങ്ങി. പരുക്കേറ്റ ഗോകുല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പീരുമേട് മേഖലയിൽ നാളുകളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്.



