അനധികൃത സ്വത്ത് സമ്പാദന കേസ്; പിപി ദിവ്യയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലന്‍സ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പിപി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കണ്ണൂരിലെ കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 18ന് പരിഗണിക്കാന്‍ മാറ്റി.ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാര്‍ട്ടണ്‍ ഇന്ത്യ അലിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബെനാമി കമ്പനി ആരംഭിച്ചുവെന്നാണ് ആരോപണം. ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിര്‍മ്മാണ കരാറുകള്‍ നല്‍കി. സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് കമ്പനിയുടെ ഉടമകളെന്നും കെഎസ്‌യു ആരോപിച്ചിരുന്നു.കമ്പനി അധികൃതരും പിപി ദിവ്യയുടെ ഭര്‍ത്താവും അടുത്ത സുഹൃത്തുക്കളാണ്. സാമ്പത്തിക നേട്ടത്തിനായി കമ്പനി രൂപീകരിച്ച് കരാറുകള്‍ നേടിയത് അഴിമതിയാണ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. പ്രാഥമിക അന്വേഷണം നടത്തി പിപി ദിവ്യയെ കുറ്റാരോപണത്തില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് കെഎസ്‌യു നേതാവിന്റെ വാദം.