കടയുടമയ്ക്ക് നേരെ ആക്രമണം: അറസ്റ്റിലായ പ്രതികളെ റോഡിൽ നടത്തി മാപ്പ് പറയിച്ച് പൊലീസ്; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: കടയുടമയെ ആക്രമിച്ച കേസിൽ പിടിയിലായ നാല് കുപ്രസിദ്ധ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തി മധ്യപ്രദേശ് പൊലീസ്. ഭോപ്പാലിൽ വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ‘തെറ്റ് ചെയ്തതിൽ മാപ്പ്, ഇനി ഒരിക്കലും കുറ്റങ്ങൾ ചെയ്യില്ല’ എന്ന് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു പ്രതികളെ റോഡിലൂടെ നടത്തിയത്.
ഇവർ മുമ്പും പല കേസുകളിൽ പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതി രോഹിത് കബീർപാന്തി ഏലിയാസ് ബാലി(24)- 25 കേസുകൾ, ആസാദ് ഖാൻ ഏലിയാസ് ചിനു (25)- 14 കേസ്, നിതിൻ കത്യാരെ ഏലിയാസ് നിക്കി (23)- 7 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കട ആക്രമിച്ച കേസിൽ ഇവരോടൊപ്പം ദക്ഷ് ബുണ്ഡേല എന്ന 19കാരനും അറസ്റ്റിലായിട്ടുണ്ട്. ജനുവരി 22നാണ് ടിടി നഗറിൽ ഗുണ്ടായിസം കാണിച്ച് പ്രതികൾ കടയുടമയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയും പ്രതികൾ കടയുടമയെ അക്രമിക്കുന്നതായും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതികളെ മൊബൈൽ ലൊക്കേഷൻ വെച്ചാണ് കണ്ടെത്തിയത്. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.