ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ

കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കുമെന്ന് ഷിവാസ് സില്‍ക്സ് ഉടമ ആനന്ദാക്ഷന് അറിയിച്ചു. ഇതിന് പുറമെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എട്ട് വര്‍ഷമായി ബിന്ദു ഇതേ സ്ഥാപനത്തിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.
ബിന്ദുവിന്റെ മകള്‍ നവമിയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചിട്ടുണ്ട്. അതിനുവേണ്ട നടപടിക്രമങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. നവമിയുടെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ബിന്ദു അപകടത്തില്‍ മരിച്ചത്.
ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജും വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് മടങ്ങിയത്. സര്‍ക്കാര്‍ നല്കിയ ഉറപ്പില്‍ വിശ്വാസം ഉണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും പ്രതികരിച്ചു. പൊലീസിനെ പോലും അറിയിക്കാതെ സിപിഐഎം നേതാക്കള്‍ക്കൊപ്പം രാവിലെ ഏഴ് മണിക്കാണ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് എത്തിയത്.