dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ജനം വിധയെഴുതുമ്പോൾ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. വീണ്ടും ഒരു തുടർഭരണം എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ക്ഷേമപെൻഷൻ, വയനാട് പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങൾ, പാലങ്ങൾ തുടങ്ങിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വയനാട് ദുരന്തബാധിതരുടെ ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത പ്രചാരണമാണ് ഇടതുപക്ഷം അഴിച്ചുവിട്ടത്. ഇതടക്കം തങ്ങൾക്ക് അനുകൂലമാകും എന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.ശബരിമല സ്വർണക്കൊള്ള, ഭരണവിരുദ്ധ വികാരം എന്നിവയിൽ പ്രതീക്ഷയർപ്പിച്ചാണ് യുഡിഎഫ് മത്സരത്തിനിറങ്ങുന്നത്. വിലക്കയറ്റം, സാമ്പത്തിക രംഗത്തിന്റെ തകർച്ച, തൊഴിലില്ലായ്മ, യുവതീ യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്നിങ്ങനെയുള്ള നിരവധി പ്രചാരണങ്ങളിലും യുഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുൻപേ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി അടക്കം തങ്ങൾക്ക് അനുകൂലമാകും എന്നും യുഡിഎഫ് പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. സ്ഥാനാർത്ഥിതർക്കവും മറ്റും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കില്ല എന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.അക്കൗണ്ട് തുറക്കുക എന്നതാണ് ബിജെപിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ ഇത്തവണത്തെ പ്രതീക്ഷ. ശബരിമല സ്വർണക്കൊള്ള, വിലക്കയറ്റം, കുടിയേറ്റം, വിശ്വാസ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെടുപ്പിന്റെ തലേ ദിവസം പാലക്കാട്ടെ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രനെതിരെ ഉയർന്നുവന്ന ‘വോട്ടിന് പണം’ ആരോപണം തിരിച്ചടിയാകുമോ എന്നും ബിജെപി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.കേരളത്തിൽ ഇത്തവണ നിർണായകമാക്കുക സ്ത്രീവോട്ടർമാരാകും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2,71,42,952 ആണ് കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം. ഇതിൽ 1,39,21,868 പേര്‍ സ്ത്രീകളാണ്. 1,32,20,811 ആണ് പുരുഷന്മാരുടെ എണ്ണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വോട്ടര്‍പട്ടിക പ്രകാരം പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അര്‍ഹരായിട്ടുള്ളത്.കേരളത്തിലെ 140 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ശ്രദ്ധ നേടുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. ആകെയുള്ളതില്‍ 11 മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടിയിരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് ഇവ. ബാക്കിയുള്ള 129 മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരേക്കാള്‍ ആയിരമോ അതിന് മുകളിലോ കൂടുതലാണ്.നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button