കൊച്ചി പഴയ കൊച്ചിയല്ല; കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഹ്‌മ്…. കൊച്ചിയെത്തി.. ഈ ഡയലോഗ് കോൾക്കുമ്പോൾ തന്നെ കൊച്ചിയുടെ വൃത്തിഹീനതയാണല്ലോ നമുക്ക് ഓർമ വരിക. കേരളത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരം എന്നല്ലേ നമ്മളൊക്കെ കൊച്ചിയെപ്പറ്റി പറഞ്ഞിരുന്നത്. എന്നാൽ കഥയിൽ ഒരു ട്വിസ്റ്റുണ്ട്, കൊച്ചി നമ്മൾ ഉദ്ദേശിച്ച ആളല്ല. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പട്ടണം എന്ന പേരാണ് കൊച്ചി നേടിയെടുത്തിരിക്കുന്നത്. സ്വച്ഛ് സർവേക്ഷൺ എന്ന ദേശീയ സർവ്വേയിൽ മൂന്ന് ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും രാജ്യത്തിലെ 50-ാം റാങ്കും സ്വന്തമാക്കിയത്. 20,000 മുതൽ ജനസംഖ്യയുള്ള ചെറുപട്ടണങ്ങളുടെ കണക്കെടുപ്പിൽ കേരളത്തിൽ 18ാം റാങ്കാണ് കൊച്ചിക്കുള്ളത്. കൊച്ചിയെ അത്രക്കങ്ങ് മോശക്കാരനാക്കല്ലേ എന്നാണ് ഈ റിപ്പോർട്ടിലൂടെ മലയാളിയോട് പറയുന്നത്.2023ലെ ശുചിത്വ സർവ്വേയിൽ ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളെ താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് 416-ാം സ്ഥാനത്തായിരുന്നു കൊച്ചി. അതിൽ നിന്നുമാണ് ഇപ്പോൾ 50-ാം റാങ്കിലേക്ക് എത്തിയത്. ഇനിയും കൂടുതൽ ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നിലവിൽ അവശേഷിക്കുന്ന ചീത്തപ്പേര് കൂടി കൊച്ചിക്ക് മാറ്റിയെടുക്കാനാവും. കഴിഞ്ഞ വർഷത്തെ സർവ്വേയിൽ കൊച്ചിയെ പിന്നിലാക്കിയ കോർപ്പറേഷനുകളെയെല്ലാം പിന്തള്ളിയാണ് ഇത്തവണ കൊച്ചി മുന്നിലെത്തിയത്.കഴിഞ്ഞ തവണത്തെ സർവ്വേയിൽ കൊച്ചിക്ക് വൃത്തിക്ക് കിട്ടിയ മാർക്ക് 1841 ആയിരുന്നെങ്കിൽ ഇത്തവണ അത് 8181ലേക്ക് ഇത് ഉയർന്നു. ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ്, വെളിയിട രഹിത വിസർജന മുക്ത റേറ്റിങ് എന്നിവയിൽ കൊച്ചിക്ക് നല്ല മാർക്ക് ലഭിച്ചിരുന്നു. നിലവിൽ ഫലം പുറത്ത് വന്ന സർവ്വേയിൽ 4900 നഗരങ്ങളാണ് പങ്കെടുത്തിരുന്നത്. കേരളത്തിൽ നിന്ന് മറ്റ് 94 നഗരങ്ങളെയാണ് സർവ്വേയിൽ പരിഗണിച്ചിരുന്നത്. ഗാർബോജ് ഫ്രീ സിറ്റ് റേറ്റിങ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരം എന്ന പ്രത്യേകതയും ഇനി കൊച്ചിക്ക് സ്വന്തം.ഖര മാലിന്യ സംസ്‌കരണം, ശാസ്ത്രീയ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്‌കരണ സംവിധാനങ്ങളും, പൊതുജന പങ്കാളിത്തം എന്നി ഘടകങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ജിഎഫ്‌സി സ്റ്റാർ റേറ്റിങ് ലഭിച്ചത്. 2024ലെ സർവ്വേയിൽ നാല് പ്രധാനഘടകങ്ങളാണ് മാനദണ്ഡമാക്കിയിരുന്നത്. ആദ്യ രണ്ട് ഘടകങ്ങളിൽ ഒന്ന് നഗരശുചിത്വവും, മറ്റൊന്ന് പൊതുജനാഭിപ്രായവുമായിരുന്നു. മാലിന്യ സംസ്‌കരണ സൗകര്യങ്ങളുടെ വിലയിരുത്തലാണ് മൂന്നാം ഘടകം. നേരിട്ടുള്ള ഫീൽഡ് പരിശോധനയായിരുന്നു അവസാനഘട്ടം. ഈ ടെസ്റ്റുകളെല്ലാം നടത്തി, അടവുകൾ പയറ്റി തെളിഞ്ഞാണ് കൊച്ചി ഇപ്പോൾ ഒന്നാമത് എത്തിയിരിക്കുന്ന്. ഇനി പറ കൊച്ചി എന്ന സുമ്മാവാ..