രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെടാനുളളധാർമികത രാഷ്ട്രീയഎതിരാളികള്‍ക്കില്ല:സസ്‌പെന്‍ഷൻ സ്ഥിരീകരിച്ച് സണ്ണിജോസഫ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് ഔദ്യോഗികമായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുവെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ രാഹുല്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ആ ആവശ്യം ഉന്നയിക്കാനുളള ധാര്‍മികത അവര്‍ക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുക എന്നത് നേതൃത്വം ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണെന്നും അദ്ദേഹത്തെ അക്കാര്യം അറിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തുടര്‍നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുമായി ആശയവിനിമയം നടത്തി. പാര്‍ട്ടിക്കോ, നിയമപരമായോ എവിടെയും പരാതികള്‍ ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആയതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതില്‍ യാതൊരു യുക്തിയുമില്ല. അവര്‍ക്ക് ആ ആവശ്യം ഉന്നയിക്കാനുളള ധാര്‍മികതയില്ല. അങ്ങനൊരു പാരമ്പര്യം കേരള രാഷ്ട്രീയത്തിലില്ല. ഗുരുതരമായ കേസുകള്‍ ഉണ്ടായിട്ടും, ആ കേസുകളില്‍ എഫ്‌ഐആറും കുറ്റപത്രവുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിപ്പെടണമെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ്. കോണ്‍ഗ്രസ് നേതൃത്വം സമചിത്തതയോടെ ആലോചിച്ച് ഒരേസ്വരത്തില്‍ എടുത്ത തീരുമാനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തുക എന്നത്. അത് രാഹുലിനെയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി അംഗത്വവും ലഭ്യമല്ല’- സണ്ണി ജോസഫ് പറഞ്ഞു.