തിരുവനന്തപുരത്തെ ഇലട്രിക് ബസുകളുടെ സർവീസ്; ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും

തിരുവനന്തപുരം കോർപ്പറേഷനിലെ ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും.തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ സംബന്ധിച്ച തർക്കം ഉടലെടുത്തത്.നഗര നിരത്തുകളിൽ ഓടാൻ വാങ്ങി നൽകിയ ബസ്സുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷനാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇടറോഡുകളിലൂടെ ഓടുന്ന ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച, 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങിയ മേയർ, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 23 റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്താമെന്ന് ഇരുപക്ഷവും ധാരണയിൽ എത്തിയത്.ലാഭകരമാകുമെന്ന് കണ്ടെത്തിയ റൂട്ടുകളിലാണ് ബസുകൾ ആദ്യം ഘട്ടം ഓടിത്തുടങ്ങുക. സർവീസ് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നൻപാറ,കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്കാണ് ആദ്യ സർവ്വീസ് ആരംഭിച്ചത്. ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത മേയർ ബസിൽ കന്നിയാത്രയും നടത്തി.



