തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാ പ്രവര്‍ത്തകര്‍: ഇന്ന് സമരയാത്രയുടെ ഫ്‌ളാഗ് ഓഫ് നടക്കും

തിരുവനന്തപുരം: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പത്തുമണിയോടെ ആശാപ്രവര്‍ത്തകര്‍ മെയ് ദിന റാലി നടത്തും. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫും നടക്കും. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറും. മെയ് 5 മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര.അതേസമയം, ആശാപ്രവര്‍ത്തകര്‍ നടത്തുന്ന റിലേ നിരാഹാരസമരം 42 ദിവസം പിന്നിട്ടു. എന്‍ ശോഭനകുമാരി, ലേഖ സുരേഷ്, പി ലാര്യ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.1890 മുതലാണ് മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയത്. അസംഘടിത മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭമായിരുന്നു അത്. എട്ടമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നോ അതിന് എന്നായിരുന്നു അമേരിക്കന്‍ തെരുവുകളില്‍ മുഴങ്ങിയ മുദ്രാവാക്യം. 18-ാം നൂറ്റാണ്ടില്‍ ചിക്കാഗോയില്‍ തുടങ്ങിയ സമരം ലോകമെമ്പാടുമുളള തൊഴിലാളികള്‍ക്ക് ഊര്‍ജ്ജമായി മാറി. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും വെടിവയ്പ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത പോരാട്ട വീര്യമാണ് പിന്നീട് ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടത്.