മഞ്ചേരി മെഡി. കോളജ് ശമ്പള പ്രതിസന്ധി;ആരോഗ്യ മന്ത്രിയെ കണ്ട് വിഷമം പറയാനെത്തിയ താത്കാലിക ജീവനക്കാർക്കെതിരെ കേസ്

മഞ്ചേരി: ശമ്പള പ്രതിസന്ധിയെ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനോട് പരാതി പറയാനെത്തിയ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘം ചേർന്ന് കലാപശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്. പ്രിൻസിപ്പൽ ഡോ കെ.കെ അനിൽ രാജിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന താൽകാലിക ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. രണ്ട്മാസമായി ശമ്പളം ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ പരാതി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മന്ത്രി മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയത്. ചടങ്ങിന് ശേഷം ആശുപത്രിയിൽ നിപ വിമുക്തയായി കഴിയുന്ന രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ജീവനക്കാർ അവരുടെ ശമ്പള പ്രശ്‌നങ്ങൾ പറയാനായി മന്ത്രിയുടെ മുന്നിലെത്തിയത്. മന്ത്രിയെ അനുഗമിച്ച പാർട്ടി പ്രവർത്തകർ ഇവരെ തടഞ്ഞു. ഇവരെ പിടിച്ച്മാറ്റാൻ ശ്രമിക്കുകയും ഇവിടെ ഉന്തുംതള്ളും ഉണ്ടായി. വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു