പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

തിരുവനന്തപുരം: മകന് പതിവായി ലഹരിയും മദ്യവും നല്കി വന്നിരുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട കരിക്കകം പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കടകംപള്ളി ടൈറ്റാനിയം ജെയിന് നിവാസില്‍ വിജിന് വിക്ടറായിരുന്നു ആക്രമിക്കപ്പെട്ടത്.മകന് സ്ഥിരമായി കഞ്ചാവും മദ്യവും നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സതീഷ്, വിജിനെ വിലക്കിയിരുന്നു. എന്നാല്‍ വിജിന് ഇത് തുടര്‍ന്നതോടെ സതീഷ് അത് ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കരിക്കകം റെയില്‍വേ പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. വിഷയത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സതീഷ്, വിജിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വിജിന് പേട്ട പൊലീസ് സ്റ്റേഷനില്‍ കാപ്പ ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ സതീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു.



