മലയോര ഹൈവേ നിര്‍മാണം: വഴിനടക്കാൻ സ്ഥലമില്ലാതെ കുടുംബം

കട്ടപ്പന: മഴക്കാലമായതോടെ അയ്യപ്പൻകോവില്‍ തോണിത്തടിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബം. കാഞ്ഞിരത്തിങ്കല്‍ മുരളീധരന്റെ വീടാണ് അപകടവസ്ഥയിലുള്ളത്.മലയോര ഹൈവേ നിർമാണത്തിനുവേണ്ടി വീടിന്റെ മുൻവശത്തെ സംരക്ഷണഭിത്തിയില്‍ നിന്ന് കരാറുകാർ മണ്ണെടുത്തിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ക്രീറ്റ് വാള്‍ നിർമിച്ചു നല്‍കിയെങ്കിലും വീട്ടിലേക്ക് കയറുന്നതിനുള്ള നടപ്പാത നിർമിച്ചു നല്‍കാത്തതും പ്രതിസന്ധിയാണ്. ശക്തമായ മഴയില്‍ ബുധനാഴ്ച രാത്രി സമീപത്തെ മണ്‍തിട്ട ഇടിഞ്ഞതിനാല്‍ വീട്ടിലേക്ക് കയറാൻ സാധിക്കുന്നില്ല. മുരളീധരന്റെ ഭാര്യ രാജമ്മക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ പോകുന്നതിനും, മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ നിന്നിറങ്ങാനോ കഴിയില്ല. പലതവണ കരാറുകാരോട് നടപ്പാത നിർമിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.