എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജിൽ റാഗിംഗ്; കൂളിംഗ് ഗ്ലാസ് വെച്ചതിന് തർക്കമുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ

കോഴിക്കോട്: എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളേജിൽ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവത്തിൽ കുറ്റക്കാരായ സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഷൈനി ജോർജ്. ഇത്തരം പ്രശ്നങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂളിംഗ് ഗ്ലാസ് ധരിച്ചതുമായി ബന്ധപ്പെട്ട് ഒന്നാം വർഷ വിദ്യാർത്ഥിയുമായി രണ്ടാം വർഷ വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയിരുന്നു. വിഷയം ഉടനെ തന്നെ അധ്യാപകർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നുവെന്നും പ്രിൻസിപ്പൾ റിപ്പോർട്ടറിനോട് പറഞ്ഞു.
കോളജിൽ ആൻ്റി റാഗിംഗ് സമിതിയും അച്ചടക്ക സമിതിയും സജീവമാണ്. പൊലീസിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിയാണ് റാഗിംഗിന് ഇരയായത്. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം എന്നിവരും കണ്ടാലറിയുന്ന മറ്റു 4 വിദ്യാർഥികളും ചേർന്നാണ് ഒന്നാം വിദ്യാർത്ഥിയെ പീഡിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ തലയ്ക്ക് പിന്നിലും വലത് കാലിലും തുടയിലും പരിക്കുണ്ട്.