ശബരിമല സ്വർണക്കൊള്ള; സന്നിധാനത്തും ഇഡി എത്തി, ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ പരിശോധിക്കും

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ 3 പേർ അടങ്ങുന്ന സംഘം സന്നിധാനത്ത് എത്തിയിരുന്നു. ഇന്നത്തോടുകൂടി മണ്ഡലകാലം അവസാനിച്ചതോടെയാണ് പരിശോധന ആരംഭിക്കുന്നത്. പരിശോധന നടത്താനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതികൊടുത്തിരുന്നുശ്രീകോവിലിന് സമീപത്തെ സ്വർണപ്പാളികൾ, സ്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ, കൊടിമരവുമായി ബന്ധപ്പെട്ട സ്ഥലം തുടങ്ങിയവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുക .അതേസമയം, തന്ത്രി കണ്ഠരര് രാജീവരരുടെ വീട് ഒഴിക്കെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ പ്രതികളുടെയും വീടുകളിൽ രാവിലെ മുതൽ ഇ ഡി കഴിഞ്ഞ 4 മണിക്കൂറുകളായി പരിശോധന തുടരുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും കേരളത്തിന് പുറമെ തമിഴ്നാട്ടിലും കർണാടകയിലും ഒരേസമയത്താണ് 21 ഇടങ്ങളിലായി ഇ ഡി പരിശോധന. ബെല്ലാരിയിലെ റൊദ്ദം ജ്വാല്ലറിയിൽ ഇ ഡി പരിശോധന നടത്തുന്നുണ്ട്. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതി ഗോവർദ്ധന്റെ ജ്വല്ലറിയാണ് ഇത്. പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്ന നടപടികളിലേക്ക് ഇഡി കടന്നേക്കും.



