ഭിന്നശേഷി അധ്യപക നിയമനം; ‘സർക്കാർ തീരുമാനം വൈകിയെത്തിയ വിവേകം’; ഓർത്തോഡ്ക്സ് സഭ

ഭിന്നശേഷി അധ്യപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓർത്തോഡ്ക്സ് സഭ. കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്ന് തോന്നുന്നു. അവസാന സമയത്ത് സർക്കാർ ആവശ്യം പരിഗണിച്ചു എന്നു പറയുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.ജനങ്ങളുടെ ആവശ്യമാണ് ഒരുപാട് പേർക്ക് ജോലി ലഭിക്കുന്ന കാര്യമാണ്. അവരൊക്കെ ബുദ്ധിമുട്ടുകയാണെന്ന് സർക്കാരിനോട് പറഞ്ഞതാണ്. ഇതുവരെ എന്തെങ്കിലും കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോവുകയായിരുന്നു. എൻഎസ്എസിന് വിധി ലഭിച്ച സമയം മുതൽ സർക്കാരിനോട് ഇത് ആവശ്യപ്പെടുന്നുണ്ട്. പലതവണ ഇത് പറഞ്ഞിട്ടും സർക്കാർ കേട്ടില്ലെന്ന് ഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.ക്രിസ്ത്യൻ മാനേജ്മെൻ്റുകളുടെ സമ്മർദവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽകണ്ടാണ് സർക്കാരിൻ്റെ യു-ടേൺ. ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനസ്ഥിരത ലഭിക്കാനാണ് വഴി തെളിയുന്നത്. ഭിന്ന ശേഷിക്കാരെ നിയമിക്കാനുള്ള അധ്യാപക തസ്തികകൾ ഒഴിച്ചിട്ടാൽ എയ്ഡഡ് സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് നിയമനസ്ഥിരത നൽകാം എന്നായിരുന്നു എൻഎസ്എസിന് ലഭിച്ച സുപ്രിം കോടതി വിധി. ഇത് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കും.സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാവും നിയമന സ്ഥിരത എന്ന് നിബന്ധന കൂടി ഉത്തരവിൽ ഉണ്ട്. ഒന്നര വർഷത്തിലധികമായി ഇതേ ആവശ്യവുമായി ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ അടക്കം പ്രതിഷേധത്തിൽ ആയിരുന്നു. ഉത്തരവ് നേരത്തെ ആകാമായിരുന്നെന്നാണ് കത്തോലിക്കാ സഭയുടെ പ്രതികരണം.



