മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം’ ; ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു.അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു. പ്രതിരോധം ശക്തിയായതുകൊണ്ടുതന്നെ തങ്ങളെ ഇതുവരെ സംഘര്‍ഷങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ കാണാന്‍ ജോണ്‍ ബ്രിട്ടാസ് എംപി എത്തി.അതേസമയം, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപിയും, എം കെ രാഘവന്‍ എം പിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യം. പഞ്ചാബ്, കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.