മോഹന്‍ലാലിനൊപ്പം നിലവില്‍ സിനിമയൊന്നും ചെയ്യുന്നില്ല’; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഷാജി കൈലാസ്

ഒരു പുതിയ ചിത്രത്തിനായി മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന രീതിയില്‍ അടുത്തിടെ ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ മറ്റ് ചില ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നതോടെ ഈ പ്രോജക്ടിനെ കുറിച്ചും പല അഭ്യൂഹങ്ങളും വന്നു. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് സംവിധായകന് ഷാജി കൈലാസ്സമൂഹമാധ്യമങ്ങളില് പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിലവില്‍ മോഹന്‍ലാലുമായി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് ഷാജി കൈലാസ് വ്യക്തമാക്കിയത്. ‘മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത് കണ്ടു. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഊഹാപോഹങ്ങളാണിത്. നിങ്ങള്‍ നല്കുന്ന പിന്തുണയെയും ആവേശത്തെയും ഞാന്‍ ഏറെ വിലമതിക്കുന്നുണ്ട്. പക്ഷെ എന്റെ പ്രോജക്ടുകളെ സംബന്ധിക്കുന്ന വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഞാന്‍ തന്നെയായിരിക്കും നടത്തുക എന്ന് പറയാനാഗ്രഹിക്കുകയാണ്,’ ഷാജി കൈലാസ് പറഞ്ഞു.അതേസമയം, മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എമ്പുരാന്റെയും തുടരുമിന്റെയും വിജയത്തിന് ശേഷം അടുത്തതായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ജിത്തു മാധവന്, അനൂപ് മേനോന്, കൃഷാന്ദ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍, ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 എന്നിവയാണ് മോഹന്‍ലാലിന്റേതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള ചിത്രങ്ങള്‍. മലയാളത്തിന് പുറത്ത് വൃഷഭ, കണ്ണപ്പ എന്നീ ചിത്രങ്ങളും മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.



