രാജപാത: മാങ്കുളത്ത് സര്‍വകക്ഷി യോഗം ചേര്‍ന്നു

മാങ്കുളത്തിന്‍റെ വികസനത്തിന് സഹായകരമാകുന്ന ആലുവ-മൂന്നാർപഴയ രാജപാത, മലയോര ഹൈവേ എന്നീ റോഡുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികളുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സർവകക്ഷി യോഗം ചേർന്നു.
അഡ്വ. എ. രാജ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ആനന്ദ് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാക്കുന്നേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനില്‍ ആന്‍റണി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസ്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.മലയോര ഹൈവേയുടെ അലൈൻമെന്‍റുമായി ബന്ധപ്പെട്ട വിഷയങ്ങളും രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.ഇരു പാതകളുടെയും കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പുരോഗതിയും കോടതി വ്യവഹാരങ്ങളുടെ തല്‍സ്ഥിതിയടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ പങ്കെടുത്തവർ വിശദീകരിച്ചു. പാതകളുടെ കാര്യത്തില്‍ നിയമസഭയില്‍ എടുത്തിട്ടുള്ള നിലപാടുകളും ഇടപെടലുകളും യോഗത്തില്‍ എംഎല്‍എ വ്യക്തമാക്കി. പാതകള്‍ യാഥാർഥ്യമാക്കുന്നതിനായി ഭരണതലത്തില്‍ കൂടുതല്‍ സമ്മർദം ചെലുത്തണമെന്ന ആവശ്യം വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു.ഇളംബ്ലാശേരി മുതല്‍ കുറത്തിക്കുടിവരെയുള്ള ഭാഗത്തെ യാത്രയ്ക്കായി നിലനില്‍ക്കുന്ന തടസം സംബന്ധിച്ചും വനംവകുപ്പിന്‍റെ ഇടപെടല്‍ സംബന്ധിച്ചും കൃത്യമായ ഇടപെടല്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യം ഉയർന്നു.ഇതുവഴിയുള്ള യാത്രാ തടസം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചതായി എംഎല്‍എ പറഞ്ഞു.