ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ന്യൂഡൽഹി: ട്രാൻസ്ജെൻഡറുകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് 2500 രൂപ, ജാതി സെൻസസ് തുടങ്ങി വിവിധ വാഗ്ദാനങ്ങൾ നൽകി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. എൽജിബിടിക്യൂ സമൂഹത്തെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സമൂഹത്തിൽ അവർക്കെതിരെയുള്ള വിവേചനം തടയുകയും അവശ്യ സേവനങ്ങൾ നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലാത്ത യുവാക്കൾക്ക് 8500 രൂപ സ്റ്റൈപന്റോടുകൂടി ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ്, പാചക വാതകത്തിന് സിലിണ്ടറിന് 500 രൂപ, സൗജന്യ റേഷൻ കിറ്റ് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.ആം ആദ്‌മിയുടെ മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന, ബിജെപിയുടെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്ക് സമാനമായി കോൺഗ്രസ് പ്യാരി ദീദി യോജന പ്രഖ്യാപിച്ചു. പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ ദരിദ്ര കുടുംബങ്ങളിലേയും സ്ത്രീകൾക്ക് മാസം 2500 രൂപ നൽകും. ഒരു സിലിണ്ടറിന് 500 രൂപ, 5 കിലോ അരി, 2 കിലോ പഞ്ചസാര, 1 കിലോ പാചക എണ്ണ, 6 കിലോ പരിപ്പ്, 250 ഗ്രാം ചായപ്പൊടി എന്നിവ ഉൾപ്പെടുന്ന സൗജന്യ റേഷൻ കിറ്റും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തിൽ ജാതി സർവേ നടത്തുന്നതിനു തീരുമാനമെടുക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. ക്രീമിലെയർ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി പ്രതിവർഷം 12 ലക്ഷം രൂപയായി ഉയർത്തും. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി യുപിഎയുടെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ നിന്നുള്ള 15 പ്രധാന ശുപാർശകൾ നടപ്പിലാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.