രണ്ട് മക്കളുമായി കിണറ്റിൽ ചാടി, ഒരാൾ മരിച്ചു; അമ്മ റിമാൻഡിൽ

രണ്ട് മക്കളുമായി കിണറ്റിൽ ചാടി, ഒരാൾ മരിച്ചു; അമ്മ റിമാൻഡിൽ.
കണ്ണൂർ: പരിയാരം ശ്രീസ്ഥലയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മ റിമാൻഡിൽ. അമ്മ ധനജയെ പയ്യന്നൂർ കോടതിയാണ് റിമാൻഡ് ചെയ്തത്. കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ മകൻ ധ്യാൻ കൃഷ്ണ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇതേ തുടർന്ന് ധനജയക്കെതിരെ പരിയാരം പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.ഇക്കഴിഞ്ഞ ജൂലൈ 30നായിരുന്നു സംഭവം. ധനജയയും ഭർതൃമാതാവുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിൽ യുവതിയും വീട്ടുകാരും പരാതി നൽകുകയും ചെയ്തിരുന്നു. സംഭവ ദിവസം രാവിലെയും വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് യുവതി മക്കളുമായി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് കുട്ടികളുടെ അച്ഛനായ മനോജും പിന്നാലെ നാട്ടുകാരും ഓടിയെത്തുകയായിരുന്നു.