വന്ദേഭാരത് സ്ലീപ്പര്‍ ഈസ് റെഡി!! കിടിലന്‍ സൗകര്യങ്ങള്‍, വിശേഷങ്ങളറിയാം…

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് യാത്രക്കാര്‍. ഇപ്പോഴിതാ ട്രെയിന്‍ സംബന്ധിച്ച അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.
വന്ദേഭാരതിന്റെ എക്സ്പ്രസ്, വന്ദേ നമോ എന്നിവയ്ക്ക് ശേഷം വരുന്ന വേരിയന്റാണ് വന്ദേഭാരത് സ്ലീപ്പര്‍. വേഗത, സുരക്ഷ, യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാകും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളെന്നാണ് പ്രഖ്യാപനം. BEML നിര്‍മ്മിച്ച ട്രെയിന്‍ ചെന്നൈയിലാണ് സുരക്ഷാ പരിശോധനകള്‍ നടത്തിയത്. ചെന്നൈയിലെ ഐസിഎഫ് ഗ്രീന്‍ സിഗ്നല്‍ നല്കിയാല് ഉടന്‍ തന്നെ ട്രയല്‍ റണ്‍ ആരംഭിക്കും.
പ്രത്യേകതകള്‍…മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാകും. എന്നാല്‍ റെയില്‍വേ അനുവദനീയ വേഗതയായ 160 കിലോമീറ്ററിലാകും സഞ്ചാരം. പ്രീമിയം രാജദാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ വേഗതയില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.
വന്ദേഭാരതിന്റെ ആദ്യ പ്രോട്ടോടൈപ്പില്‍ 16 പാസഞ്ചര്‍ കോച്ചുകളാണ് ഉള്ളത്. ഇതില്‍ 11 എസി 3 ടയര്‍ കോച്ചുകളും നാല് എസി 2 ടയര്‍ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ടാകും. 823 ബെര്‍ത്തുകളാണ് ട്രെയിനിലുള്ളത്.
സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കംപാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രത്യേക ലൈറ്റിങ് സംവിധാനമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് അനൗണ്‍സ്മെന്റ് സിസ്റ്റവും വിഷ്വല്‍ ഡിസ്പ്ലേകളും സുരക്ഷാ ക്യാമറകളും മോഡുലാര്‍ പാന്‍ട്രി സൗകര്യവും ഉള്‍പ്പടെ ട്രെയിനിലുണ്ടാകും.
മികച്ച നിലവാരത്തിലുള്ള ഫയര്‍ സേഫ്റ്റി സൗകര്യമാണ് ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയുള്ളവര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ശൗചാലയങ്ങളും ഉണ്ടാകും. ഓട്ടോമാറ്റിക് വാതിലുകളാണ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. ഫൈബര്‍ ഗ്ലാസുകളാണ് ട്രെയിനിന്റെ ഉള്‍ഭാഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോച്ചുകളില്‍ പ്രത്യേകമായ ലഗേജ് മുറിയുമുണ്ടാകും.