News
വാഹനം കുറുകെയിട്ട് യുവാവിനെ പിടിച്ചിറക്കി, വാഹനത്തിൽ വെച്ച് ക്രൂരമായി മർദിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്

പാലക്കാട്: പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴ കച്ചവടം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
നെന്മാറ ഗോമതിക്ക് സമീപം രാത്രി പതിനൊന്നരയോടെ നാസറിന്‍റെ വാഹനത്തിന് മുൻപിൽ പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ട് ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാസറിന്‍റെ ഡ്രൈവർ വടക്കഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്തുടർന്ന പൊലീസ് ഇവരെ കിഴക്കഞ്ചേരി കണ്ണംകുളത്ത് വെച്ചാണ് പിടികൂടിയത്.