രാജമല അടച്ചു; വരയാടുകള്‍ക്ക് സുരക്ഷിത പ്രജനനകാലം

തൊടുപുഴ: സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് രണ്ട് മാസത്തേക്ക് പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഉദ്യാനം അടച്ചിടുന്നത്.ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടച്ചത്. ഏതാനും ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു. വരയാടുകള്‍ക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങള്‍ക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചത്. പ്രജനനകാലത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് അടച്ച് ഏപ്രില്‍ ഒന്നിനാണ് തുറന്നത്.ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ അനുഭവപ്പെട്ടത്. മൂന്നാറില്‍ കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തിയിരുന്നു. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളില്‍ ഒരു ഡിഗ്രിയും സൈലന്റ്വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.