വൈഭവ് സൂര്യവംശി ഇനി ബിഹാറിന്റെ ‘കുട്ടിക്യാപ്റ്റന്’; 14-ാം വയസില്‍ പുതിയ റോള്‍

ഇന്ത്യ അണ്ടര്‍ 19 ടീമിന് വേണ്ടി മിന്നും ഫോമില്‍ ബാറ്റുവീശിയതിന് പിന്നാലെയാണ് വൈഭവിനെത്തേടി പുതിയ റോളെത്തിയിരിക്കുന്നത്
രാജസ്ഥാൻ റോയൽസിൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെത്തേടി പുതിയ റോൾ. വരുന്ന രഞ്ജി സീസണിൽ തൻ്റെ സ്റ്റേറ്റ് ടീമായ ബിഹാറിൻ്റെ വൈസ് ക്യാപ്റ്റനായാണ് 14 വയസുകാരനായ വൈഭവിനെ നിയമിച്ചിരിക്കുന്നത്. സാക്കിബുൽ ഗനിയാണ് ബിഹാർ ക്യാപ്റ്റൻ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സൂര്യവംശി ഗനിയുടെ ഡെപ്യൂട്ടിയാവും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിൽ ഒരു താരം ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയിൽ എത്തുന്നത്.ഇന്ത്യ അണ്ടര്‍ 19 ടീമിന് വേണ്ടി മിന്നും ഫോമില്‍ ബാറ്റുവീശിയതിന് പിന്നാലെയാണ് വൈഭവിനെത്തേടി പുതിയ റോളെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഈയടുത്ത് അവസാനിച്ച അണ്ടര്‍ 19 പോരാട്ടത്തില്‍ താരം 78 പന്തില്‍ സെഞ്ച്വറിയടിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും വൈഭവാണ്.അതേസമയം രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ലീഗ് ഘട്ടത്തിൽ ഒക്ടോബർ 15ന് അരുണാചൽ പ്രദേശിനെതിരെയാണ് ബിഹാറിൻ്റെ ആദ്യ മത്സരം ആരംഭിക്കുക. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ബിഹാർ ഇത്തവണ പ്ലേ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. 2023-24 സീസണിലാണ് വൈഭവ് രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. 12ആം വയസിലായിരുന്നു താരത്തിൻ്റെ രഞ്ജി അരങ്ങേറ്റം. ഈ സീസണിൽ ബിഹാറിന് വേണ്ടി വൈഭവ് എല്ലാ മത്സരങ്ങളും കളിക്കുമെന്നാണ് സൂചനകൾ.



