വ്യാപാര തടസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചയെന്ന് ട്രംപ്; സംസാരിക്കാന്‍ തയ്യാറെന്ന് മോദി

ന്യൂയോർക്ക്: തീരുവ പോരിന് പിന്നാലെ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ‘വ്യാപാര തടസ്സങ്ങൾ’ പരിഹരിക്കുന്നതിനായി യുഎസും ഇന്ത്യയും ചർച്ചകൾ പുനഃരാരംഭിക്കുമെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചത്.’ഇന്ത്യയും അമേരിക്കയും, നമ്മുടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ട്’ എന്നാണ് ട്രംപിന്റെ പ്രതികരണം.അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലും മോദി തന്റെ വളരെ അടുത്ത സുഹൃത്താണെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നുവെന്ന കാരണത്താൽ ഇന്ത്യക്കുമേൽ 50 ശതമാനം അധിക തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ നീക്കം വിവാദമായ പശ്ചാത്തലത്തിലാണ് മോദിയെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.അതേസമയം ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്നതിലേക്ക് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് മോദി പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ‘ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്നതിലേക്ക് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഈ ചർച്ചകൾ അതിവേഗം പൂർത്തികരിക്കാൻ ഞങ്ങളുടെ സംഘങ്ങൾ പരിശ്രമിക്കുകയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളിലേയും ജനതയ്ക്ക് കൂടുതൽ തിളക്കമാർന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.’ എന്നാണ് ട്രംപിന്റെ കുറിപ്പ് പങ്കുവെച്ചുള്ള മോദിയുടെ പ്രതികരണം.എന്നാൽ വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്ന് പറയുമ്പോഴും ട്രംപ് താരിഫ് വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതികാര നടപടി തുടരുകയാണ്.ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നൂറ് ശതമാനം അധിക തീരുവ ചുമത്തണമെന്നാണ് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടത്. ഇന്ത്യയും ചൈനയും റഷ്യയോട് അടുക്കുന്നുവെന്ന ട്രംപിന്റെ ആശങ്കയ്ക്ക് പിന്നാലെയാണ് ഈ നീക്കം. റഷ്യയുമായി ഇരുരാജ്യങ്ങളും വ്യാപാര, വാണിജ്യ ബന്ധം സജീവമാക്കുന്നത് തടയുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്ക്മേൽ അധിക തീരുവ ചുമത്തുന്നത് റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനാണെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന വാദം. സമ്മർദ്ദത്തിലൂടെ റഷ്യയെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കാനാണ് തന്റെ നീക്കമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.അതേസമയം ഇന്ത്യക്ക് മേൽ ട്രംപ് ചുമത്തിയ 50 ശതമാനം അധിക തീരുവ ആഗസ്റ്റ് 27ന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനിടെ രാജ്യങ്ങൾക്ക്മേൽ അധിക തീരുവ ചുമത്താൻ ട്രംപിന് അവകാശമില്ലെന്ന ഹർജി അതിവേഗ ബെഞ്ചിൽ പരിഗണിക്കാൻ യുഎസ് സുപ്രിം കോടതി തീരുമാനിച്ചിട്ടുണ്ട്.



