ശബരിമല സ്വര്‍ണക്കൊള്ള: പുതിയ നീക്കവുമായി എസ്‌ഐടി, കഴിഞ്ഞ വര്‍ഷം സ്വർണപ്പാളി കൊണ്ടുപോയതിലും കേസെടുത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുതിയ നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ എസ്ഐടി നീക്കം നടത്തുന്നതായാണ് വിവരം. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി എസ് പ്രശാന്ത് അധ്യക്ഷനായ കഴിഞ്ഞ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ 2019 ല്‍ നടന്ന സ്വര്‍ണകൊള്ള മറയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ എസ്ഐടി നീക്കം നടത്തുന്നത്.2017ല്‍ കൊടിമരം മാറ്റിയതിലും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നീക്കമുണ്ട് എന്നാണ് വിവരം. പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ സ്വര്‍ണം പൂശിയ പഴയ കൊടിമരത്തിലെ പാളികളും ശില്‍പങ്ങളും സമാന രീതിയില്‍ കടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡൻ്റും കോണ്‍ഗ്രസിലെ അജയ് തറയില്‍ സിപിഐഎം നേതാവ് കെ രാഘവന്‍ എന്നിവര്‍ അംഗങ്ങളുമായ ദേവസ്വം ബോര്‍ഡ് ആയിരുന്നു അന്ന് ചുമതലയിലുണ്ടായിരുന്നത്.



