dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശരണ്യ കുടുങ്ങിയ സംഭവം; തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്

ബെംഗളൂരു: മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെ കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. കര്‍ണാടക വനംവകുപ്പിന്റേതാണ് നടപടി. ട്രക്കിങ്ങ് പാത ഏപ്രില്‍ പതിനൊന്ന് വരെ താത്ക്കാലികമായി അടച്ചിടും. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നടപടി.ട്രക്കിങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്ന് മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുമാരപര്‍വ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി കുടക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെഎ 12 മൈല്‍സ് എന്ന ട്രക്കിങ് ഗ്രൂപ്പ് വനംവകുപ്പിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു ശരണ്യയെ കണ്ടെത്തിയത്. കാടിന്റെ ഉള്‍ഭാഗത്ത് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ശരണ്യയെ കണ്ടെത്താനായത്. വഴിതെറ്റിപ്പോയതോടെയാണ് കാട്ടില്‍ കുടുങ്ങിയതെന്നായിരുന്നു ശരണ്യ പ്രതികരിച്ചത്. ഒരു പാറയുടെ മുകളിലായിരുന്നു കഴിഞ്ഞുകൂടിയതെന്നും പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്നാണ് മനസിലാക്കിയതെന്നും ശരണ്യ പറഞ്ഞിരുന്നു. ശരണ്യ കുടുങ്ങിയ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്ന് രക്ഷാദൗത്യത്തില്‍പ്പെട്ട ആളുകളും പറഞ്ഞിരുന്നു.ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യക്കായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടല്‍ നടത്തിയിരുന്നു.സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്‌ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button