സംഭവസ്ഥലം മാറ്റാൻ കാണിച്ച മഹാമനസ്‌കതക്ക് ബിഗ് സല്യൂട്ട്; പാലത്തായി കേസിൽ വീണ്ടും പോസ്റ്റുമായി മുൻ ഡിവൈഎസ്പി

കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ഫേസ്ബുക്കിലൂടെ പ്രതികരണവുമായി റിട്ട ഡിവൈഎസ്പി റഹീം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്‌നകുമാറിന് മറുപടി നൽകിക്കൊണ്ടാണ് പോസ്റ്റ്. അധ്യാപകനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പലതും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കുട്ടി പീഡനത്തിനിരയായി എന്നു പറയുന്ന ദിവസം അധ്യാപകൻ സ്‌കൂളിൽ ഉണ്ടായിരുന്നില്ലെന്നും റഹീം പറയുന്നു.ഇരയുടെ മൊഴികളിൽ പലതും ഇമാജിനറി ആണെന്ന് കുറ്റപത്രത്തിൽ ഉണ്ടെന്ന് റിട്ടയേർഡ് ഡിവൈഎസ്പി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാൻ താങ്കൾ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി കെ രത്‌നകുമാറിനോട് റഹീം പറയുന്നുണ്ട്.ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താൻ താങ്കൾ കാണിച്ച ശുഷ്‌കാന്തിയാകട്ടെ അതിലും അപാരം. ഒന്നര വർഷത്തിനുശേഷം ബാത്‌റൂമിൽ നിന്നും ലഭിച്ച ബ്ലഡ് പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത്? കൂടുതൽ ബ്ലഡ് കണ്ടെത്തിയിരുന്നുവെങ്കിൽ അത് ആരുടേതാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ ബ്ലഡിന്റെ അളവ് കുറച്ചു കാണിച്ചത് എന്നും കുറിപ്പിൽ പറയുന്നു.കോടതിയെ അപകീർത്തിപ്പെടുത്താനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ കോടതി വിധികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ഏതൊരു പൗരനും അവകാശം ഉണ്ടെന്നും റഹീം കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്.റഹീമിനെതിരെ കഴിഞ്ഞദിവസം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എസിപി ടി കെ രത്‌നകുമാർ രംഗത്തെത്തിയിരുന്നു. സ്വന്തം ബാച്ചുകാരനായ പ്രതിയെ വെളളപൂശാനുളള റിട്ട. ഡിവൈഎസ്പിയുടെ ശ്രമം അഭിനന്ദിക്കാതെ വയ്യെന്നും വെറും കേട്ടറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയരുതെന്നുമാണ് ടി കെ രത്നകുമാറിന്റെ പ്രതികരണം. ഇതിനുള്ള മറുപടിയാണ് റഹീം ഇപ്പോൾ പങ്കുവെച്ചത്.പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.



