കുവൈറ്റ് റിഫൈനറിയിലെ തീപിടുത്തത്തിൽ മരിച്ചത് മലപ്പുറം സ്വദേശി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

കുവൈറ്റ്: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു. കുവൈറ്റ് നാഷനൽ പെട്രോളിയം കമ്പനിക്കു കീഴിലുള്ള കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായ മലപ്പുറം ബിപി അങ്ങാടി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്.പരിക്കേറ്റ മറ്റ് നാല് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റ് നമ്പർ 112ൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തീപിടിച്ച് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ അഗ്നിശമനസംഘങ്ങൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു.പ്രകാശന്റെ ഭാര്യയും മകളും ഏതാനും ദിവസം മുമ്പ് കുവൈറ്റിൽ വിസിറ്റിങ് വിസയിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.