എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തീർഥാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ മുക്കൂട്ടുതറയിൽ വളവ് തിരിഞ്ഞ് വരുമ്പോഴാണ് നിയന്ത്രണം വിട്ട് വാഹനം തോട്ടിലേക്ക് മറിഞ്ഞത്. സംഭവ സ്ഥലത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. ശ്രീകാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടുപേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.