പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി

കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് അറസ്റ്റിലായത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് വിപിന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.ഒന്നിലധികം പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് വെണ്ടുട്ടായിയില്‍ പുതുതായി നിര്‍മിച്ച കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകുന്നേരം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം.പുതിയ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വാതിലുകള്‍ക്ക് തീയിടുകയും ഉദ്ഘാടനത്തിന് എത്തിച്ച വാടക സാമഗ്രികള്‍ കനാലില്‍ തള്ളുകയും ചെയ്യുകയായിരുന്നു. അതേസമയം ഓഫീസിന് അറ്റകുറ്റപ്പണികളൊന്നും നടത്താതെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഓഫീസ് അക്രമിച്ചവര്‍ക്ക് ആദ്യമായി പരിപാടിയിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് ബൂത്ത് പ്രസിഡന്റ് സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്.