അച്ഛനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവികതയെന്ന് സംശയം, മകന് കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ അന്പത്തിയെട്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമന്‍കുട്ടി(58) ആണ് മരിച്ചത്. സംഭവത്തില്‍ രാമന്‍കുട്ടിയുടെ മകന് ആദര്‍ശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് ആദർശ് രാമന്‍കുട്ടി മുറ്റത്ത് വീണുകിടക്കുന്ന വിവരം സമീപവാസികളെ അറിയിച്ചത്. ഇവരുടെ സഹായത്തോടെ രാമന്‍കുട്ടിയെ അകത്ത് കട്ടിലില്‍ കിടത്തി. പിന്നീട് അച്ഛന് മരിച്ചു എന്ന വിവരം ആദര്‍ശ് ബന്ധുക്കളെയടക്കം വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തി മൃതദേഹം കണ്ട ആളുകള്‍ക്ക് രാമന്‍കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയതോടെ കൊഴിഞ്ഞാമ്പാറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.രാമന്‍കുട്ടിയുടേത് സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ആദര്‍ശിന്റെ ശ്രമമായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ രാമന്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫൊറന്ഡസിക് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.രാമന്‍കുട്ടിയുടെ ഭാര്യ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് ശേഷം അച്ഛനും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാമന്‍കുട്ടി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു. രാമന്‍കുട്ടി മരിച്ച ദിവസം ഇരുവരും മദ്യപിച്ചിരുന്നതായി ആദര്‍ശ് പൊലീസിനോട് പറഞ്ഞു.രാമന്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും നിലവില്‍ ആദര്‍ശിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് വ്യക്തമാക്കി.