അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം;രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്. കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബർ പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് നൽകിയത്. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് വിളിച്ചെന്നും ഇത് യുവതിയിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബർ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്. ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങൾ നടത്തിയെന്ന് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്.ജാമ്യവ്യവസ്ഥ ലംഘിക്കും വിധം അതിജീവിതയെ അപമാനിച്ചു. ഇത് പൊതുസമൂഹത്തിൽ അതിജീവിതയ്ക്ക് അവഹേളനത്തിനും അപമാനത്തിനും ഇടയാക്കി. പരാതിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽനിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയിൽ സിറ്റി സൈബർ പൊലീസ് പറയുന്നുണ്ട്.



