dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപകടത്തില്‍ ബിന്ദുവിന്‌റെ തലയോട്ടി പൊട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്‌റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ബിന്ദുവിന്‌റെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.അതിനിടെ ബിന്ദുവിന്‌റെ സംസ്ക്കാരചടങ്ങുകൾ തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു. ഉറ്റവരും അയൽവാസികളും അടക്കും നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന് അന്തിമോപചാരമർപ്പിച്ചു.മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ ബിന്ദു വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിന് സമീപമുള്ള ശുചിമുറിയുടെ ഭാഗം അടർന്നുവീഴുകയായിരുന്നു. കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയ ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിന്ദുവിനെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button