dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപകട കാരണം കണ്ടെത്താൻ ഇനിയും കാത്തിരിക്കണം; വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിനും കേടുപാട്, അമേരിക്കയുടെ സഹായം തേടി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് വിലയിരുത്തല്‍. വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലെത്തി ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയിരുന്നു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കുമായി എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നല്‍കാനായിരുന്നു തീരുമാനം.ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു. അതേ സമയം അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button