കൊടകര കുഴൽപ്പണക്കേസ്; ട്രയൽ കോടതി മാറ്റാൻ ഇ ഡി നീക്കം

ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണക്കേസിൻ്റെ ട്രയൽ കോടതി മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് നീക്കം.കേസിന്റെ വിചാരണ ഇ ഡി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ ഇ ഡി ഹർജി സമർപ്പിച്ചു.വിഷയത്തിൽ ഇ ഡി കേസിനൊപ്പം നിലവിൽ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ആവശ്യം. ബിജെപി നേതാക്കളെയടക്കം വിചാരണ നടത്തുന്നത് ഒഴിവാക്കാനാണ് ഇ ഡി നീക്കം എന്ന് ആരോപണം. കോടതി മാറ്റം ആവശ്യപെടുന്നതിൽ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് ആക്ഷേപം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തത് എന്നടക്കമുള്ള കാര്യങ്ങൾ അന്ന് തന്നെ ശക്തമായിരുന്നു . ബിജെപി നേതാക്കളുടെ വിചാരണ ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നും വ്യക്തമാണ്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 2021 ഏപ്രിൽ 3നു കൊടകരയിൽ ദേശീയപാതയിൽ 25 ലക്ഷം രൂപ 10 പേർ ചേർന്നു തട്ടിയെടുത്തെന്നായിരുന്നു കൊടകര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്ന് കണ്ടെത്തി.



