അറിവില്ലായ്മ; വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്: എം എ ബേബി

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുതെന്നും അഭിപ്രായം പറയാമെന്നും എം എ ബേബി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ല. സൂംബ പോപ്പുലര്‍ ആണ്. 180ലധികം രാജ്യങ്ങളില്‍ ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും കരുത്തരായി കുട്ടികള്‍ വളരുന്നതിന് ഇത്തരം കായിക പരിശീലനം ആവശ്യമാണെന്നും എം എ ബേബി പറഞ്ഞു..ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകി മനസ്സിലാക്കി വളരണം. അതിലൂടെ കുറ്റകൃത്യങ്ങള്‍ ഒഴിവാകും. സംസ്‌കാര സമ്പന്നമായ ആധുനിക സമൂഹമായി കുട്ടികള്‍ വളരണം. സൂംബ തെറ്റാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കരുത്. അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്നും മാറി നില്‍ക്കണം. മതവിദ്യാഭ്യാസം നടത്താം. അത് പ്രത്യേകം നടത്തണമെന്നും എം എ ബേബി നിലപാട് വ്യക്തമാക്കി. അല്‍പ്പവസ്ത്രം ധരിച്ചിട്ടാണ് സൂംബ പരിശീലനം എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് സൂംബ പരിശീലനം നടത്തിവരുന്നത്. എന്നാല്‍ ഇതിനെതിരെ വിവിധ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്നതാണ് സൂംബ ഡാന്‍സെന്നും സ്‌കൂളില്‍ കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും ലഹരി പാര്‍ട്ടിയിലേക്കും എത്തിക്കുമെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.സ്‌കൂളുകളില്‍ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അല്‍പ്പവസ്ത്രം ധരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ഇന്ന് പറഞ്ഞു.