ആക്ഷേപങ്ങളും പരിഹാസങ്ങളും എങ്ങനെ നേരിടുന്നു എന്ന് മമ്മൂട്ടി; ചിരിച്ചുകൊണ്ട് മറുപടി നൽകി പിണറായി വിജയൻ

കഴിഞ്ഞ ദിവസം അബുദാബി ഇത്തിഹാദ് അരീനയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ചോദ്യം വൈറലാകുകയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ ആക്ഷേപങ്ങളും പരിഹാസങ്ങളും എങ്ങനെ നേരിടുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഒരു മുഖ്യമന്ത്രി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ട് ആളാണല്ലോ താങ്കൾ. ഇതൊക്കെ അങ്ങിൽ എന്ത് വികാരമാണ് ഉണർത്തിയിട്ടുള്ളത്?. ഇതിനോടെല്ലാം എങ്ങനെയാണ് അങ്ങ് മനസുകൊണ്ട് പ്രതികരിക്കുന്നത്?’, എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ തമാശ നിറഞ്ഞ മറുപടിയും വന്നു. ‘അതൊന്നും എന്നെ ബാധിക്കാറില്ല. അത് ബോധപൂർവം സൃഷ്ടിക്കുന്ന കാര്യമായതിനാൽ അവർ അവരുടെ വഴിക്ക് പോകുന്നു അതിന്റെ പിന്നാലെ പോകാൻ എനിക്കോ നമുക്കോ നേരമില്ല. നമുക്ക് വേറെ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്‌താൽ നാട് നല്ല നിലയിലേക്ക് മുന്നേറും’, എന്നാണ് അദ്ദേഹം പറഞ്ഞത്.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മമ്മൂട്ടി, ജയറാം, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നസ്ലെൻ, നിഖില വിമൽ, മീരാ നന്ദൻ, എം ജി ശ്രീകുമാർ, കുഞ്ചൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, രമേഷ് പിഷാരടി, മഞ്ജരി, കലാഭവൻ ഷാജോൺ, ജോജി ജോർജ്, മഞ്ജു പിള്ള, ചന്തു സലിംകുമാർ, ഹനാൻ ഷാ, കാവ്യ നാരായണൻ, ആവിർഭവ്, സിദ്ധിഖ് റോഷൻ, നിഷാദ്, സുമി അരവിന്ദ്, ഡയാന ഹമീദ്, ആർ ജെ വൈശാഖ് തുടങ്ങിയ പ്രമുഖരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.



