ആത്മകഥ അവസാനഘട്ടത്തിൽ; അടുത്തമാസം പ്രസിദ്ധീകരിക്കും, ഡി സി ബുക്സ് പിശക് അംഗീകരിച്ചതാണ്: ഇ പി ജയരാജൻ

ഡി സി ബുക്സിനെതിരെ തുടർ നിയമനടപടികൾക്കില്ല’കണ്ണൂർ: തന്റെ ആത്മകഥ അവസാനഘട്ടത്തിലാണെന്നും അടുത്തമാസം പ്രസിദ്ധീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. പ്രസാധകരായി മാതൃഭൂമി ബുക്സിന് വാക്ക് നൽകി. ഡി സി ബുക്സിനെതിരെ തുടർനിയമനടപടികൾക്കില്ല. അവർ പിശക് അംഗീകരിച്ചതാണ്. നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്ന് പറഞ്ഞ ഇ പി അദ്ദേഹം നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു. ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല സർക്കാർ മുൻപ് വേടനെ പരിപാടിയ്ക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ടും ഇ പി പ്രതികരിച്ചു. കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവും. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. കോൺഗ്രസിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത് സഭയായാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.നേരത്തെ ഇ പിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഇ പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസി ബുക്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്.