ആത്മവിശുദ്ധിയുടെ നിറവില്‍ നാളെ ഓശാന

തൊടുപുഴ: ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ നാളെ ഓശാന ഞായർ ആഘോഷിക്കും. മാനവരക്ഷയ്ക്കായി മന്നില്‍ അവതരിച്ച യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തുകയറി ജറൂസെലേം ദേവാലയത്തിലേക്ക് രാജകീയ പ്രവേശനം നടത്തിയപ്പോള്‍ ഒലിവിലകള്‍ വീശി ദാവീദിന്‍റെ പുത്രന് ഓശാന പാടി എതിരേറ്റ ചരിത്രസംഭവത്തിന്‍റെ അനുസ്മരണമാണ് ദേവാലയങ്ങളില്‍ നടക്കുന്നത്.ആശീർവദിച്ച കുരുത്തോലകള്‍ കരങ്ങളിലേന്തി ദേവാലയത്തിനു പ്രദക്ഷിണം വച്ച് സ്തുതിഗീതങ്ങളുമായി വിശ്വാസികള്‍ പങ്കെടുക്കും. നോന്പിന്‍റെയും ഉപവാസത്തിന്‍റെയും ചൈതന്യത്തില്‍ ആത്മവിശുദ്ധീകരണത്തിലേക്ക് പ്രവേശിക്കുന്ന ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യത്തിന്‍റെ വിളംബരവുമാണിത്.തൊടുപുഴ ടൗണ്‍ ഫോറോനപള്ളി, മുതലക്കോടം സെന്‍റ് ജോർജ്, കരിമണ്ണൂർ സെന്‍റ് മേരീസ്, കാളിയാർ സെന്‍റ് റീത്താസ്, മാറിക സെന്‍റ് ജോസഫ്, മൈലക്കൊന്പ് സെന്‍റ് തോമസ്, തുടങ്ങനാട് സെന്‍റ് തോമസ്, മൂലമറ്റം സെന്‍റ് ജോർജ്, വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രല്‍, അടിമാലി സെന്‍റ് ജൂഡ്, പാറത്തോട് സെന്‍റ് ജോർജ്, മുരിക്കാശേരി സെന്‍റ് മേരീസ്, ചുരുളി സെന്‍റ് തോമസ്, തങ്കമണി സെന്‍റ് തോമസ്, വെള്ളയാംകുടി സെന്‍റ് ജോർജ്, കട്ടപ്പന സെന്‍റ് ജോർജ്, രാജകുമാരി ദൈവമാതാ തുടങ്ങി വിവിധ ദേവാലയങ്ങളില്‍ ആഘോഷപൂർവം ഓശാന ഞായർ തിരുക്കർമങ്ങള്‍ നടക്കും.