dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആധാർ കാർഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കൽ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച നിര്‍ണായക യോഗം ഇന്ന്

ദില്ലി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്ന്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമ നിര്‍മാണ സെക്രട്ടറി, യുണീക് ഐഡന്‍റിഫിക്കേഷൻ സിഇഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ആധാര്‍ പദ്ധതി നടപ്പാക്കുന്ന യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, നിയമ മന്ത്രാലയം എന്നിവയുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ യോഗം വിളിച്ചിരിക്കുന്നത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ വോട്ടര്‍ നമ്പർ ഇരട്ടിപ്പിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഗമനം.

പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ചിരുന്നു. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു. വോട്ടർ പട്ടിക പരാതി രഹിതമാക്കാനായി കൊണ്ടു വന്ന നാഷണല്‍ ഇലക്ട്രല്‍ റോള്‍സ് പ്യൂരിഫിക്കേഷന്‍ ആന്‍റ് ഓഥന്‍റിഫിക്കേഷന്‍ പ്രോഗ്രാം പ്രകാരം നടപടികള്‍ തുടങ്ങിയെങ്കിലും സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ക്ഷേമപദ്ധതികള്‍ക്കും, പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവിട്ടത്.എന്നാല്‍ 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കി. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. അതേസമയം നീക്കം കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button