കെസിഎല്‍ മോഡൽ വനിതാ ക്രിക്കറ്റ് ലീഗ്; പ്രഖ്യാപനവും പ്രദർശന മത്സരവും ഇന്ന്

വിജയകരമായ രണ്ട് സീസണുകളാണ് കേരള ക്രിക്കറ്റ് ലീഗിനുണ്ടായത്. ഇതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുകയാണ്. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ഇന്ന് വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്നതാണ്.കേരളത്തിലെ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവരുടെ പ്രതിഭയെ വികസിപ്പിക്കാനും കഴിവുകൾ പ്രകടപ്പിക്കാനും കൂടുതൽ പേരെ ക്രിക്കറ്റിലേക്ക് ആകർഷിക്കാനുമാണ് കെസിഎയുടെ ഈ നീക്കം. അടുത്ത സീസണിൽ ആരംഭിക്കുന്ന ലീഗിന് മുന്നോടിയായി പ്രദർശനം മത്സരം ഇന്ന് സംഘടിപ്പിക്കും.പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ‘കെസിഎ ഏഞ്ചൽസും’ ‘കെസിഎ ക്വീൻസും’ ഏറ്റുമുട്ടും. കെസിഎ ഏഞ്ചൽസിനെ ഷാനി ടിയും, കെസിഎ ക്വീൻസിനെ സജ്‌ന എസുമാണ് നയിക്കുക.



