ആലപ്പുഴയിൽ നിന്ന് കയറിയാലും സീറ്റില്ല, കായംകുളമായാൽ തിങ്ങിനിറയും; ഇന്റർസിറ്റിയിൽ ബോഗികൾ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് വെട്ടിക്കുറച്ച ബോഗികൾ പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് റെയിൽ ആവശ്യപ്പെട്ടു. ട്രെയിൻ നമ്പർ 16341/16342 ഇന്റർ സിറ്റി എക്സപ്രസിലെലെ യാത്രാ ഓരോദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ ദുരിതമായിക്കൊണ്ടിരിക്കുകയാണെന്നും പല ദിവസങ്ങളിലും രാവിലെ ആലപ്പുഴയിൽ നിന്ന് കയറുന്നവർക്ക്പോലും സീറ്റ് കിട്ടാറില്ലെന്നും യാത്രക്കാർ പറയുന്നു.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കായംകുളമാകുമ്പോഴേക്കും ബോഗികൾ തിങ്ങിനിറയുന്ന അവസ്ഥയാണ് ഇപ്പോൾ. വണ്ടി കരുനാഗപ്പള്ളിയിൽ എത്തുമ്പോഴുള്ള കാര്യം വിവരണാതീതമാണ്. അതുപോലെ വൈകുന്നേരം 5:30 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട വണ്ടിയിൽ സീറ്റ് ലഭിക്കണമെങ്കിൽ 5 മണിക്ക് മുൻപെങ്കിലും എത്തണം. 5:15 ന് മാത്രം ഓഫീസിൽ നിന്നും ഇറങ്ങാൻ കഴിയുന്ന നിരവധിയാളുകൾ തിങ്ങിനിറഞ്ഞ ബോഗികളിൽ എങ്ങനെയെങ്കിലും കയറി ഫുട്ബോർഡിൽ ഉൾപ്പെടെ തൂങ്ങി നിന്നാണ് യാത്ര ചെയ്യുന്നതെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.