ഇടമലക്കുടിയില്‍ ഹരിത ഓഫീസ് പ്രവര്‍ത്തനം വിലയിരുത്തി

തൊടുപുഴ: സംസ്ഥാനത്തു നടന്നുവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ഇടമലക്കുടി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഹരിത ഓഫീസ് പ്രവർത്തനങ്ങള്‍ ഹരിതകേരളം മിഷൻ സംസ്ഥാനതല ടീം വിലയിരുത്തി.ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചുനാട് മൗണ്ടൻ ലാൻഡ് സ്കേപ് പ്രോജക്ടിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദർശിച്ചു. ഇടമലക്കുടിയിലെ വെള്ളവരക്കുടി, പരപ്പയാർക്കുടി, ഇഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മേവളയാൻ പാറക്കുടി, കീഴളയാൻ പാറക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദർശിച്ചു. വിവിധ കുടികളിലെ അങ്കണവാടികള്‍, ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍പിഎസ്, ഇടമലക്കുടി പ്രാഥമികരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളാണ് സംഘം സന്ദർശിച്ചത്.ജനപ്രതിനിധികളും ഇടമലക്കുടി നിവാസികളുമുള്പ്പെടുന്ന സംഘത്തിന് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവുകുറയ്ക്കല്, പ്ലാസ്റ്റിക് കത്തിക്കല്‍, ഒഴിവാക്കല്‍, വലിച്ചെറിയല്‍ രഹിത പ്രദേശമാക്കി മാറ്റല്‍ എന്നീ വിഷയങ്ങളില്‍ ഹരിതകേരളം മിഷൻ പ്രോഗ്രാം ഓഫീസർ വി. രാജേന്ദ്രൻ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി അധ്യക്ഷത വഹിച്ചു. വിവിധ ഹരിതസ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകള്‍ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അജയ് പി. കൃഷ്ണ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പ്രോഗ്രാം ഓഫീസർ ആർ.വി.സതീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ലിജി ജോർജ്, പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.