
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം ത്വരിതഗതിയില്‍ മുന്നേറുമ്ബോള്‍ അതിന് കരുത്തേകുകയാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടി രൂപയും മന്ത്രി റോഷി അഗസ്റ്റിന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 56 ലക്ഷം രൂപയും.
അനുവദിച്ച തുകകള്‍ ചേർത്ത് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സിന്റെ പണിപൂർത്തിയായി കൊണ്ടിരിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ക്കുള്ള 6 ഓപ്പറേഷൻ തിയേറ്ററുകളാണ് ആധുനിക സജ്ജീകരണങ്ങളോടെ ഈ ഫണ്ട് ഉപയോഗിച്ച് ഒരുങ്ങുന്നത്.2014 ലാണ് ജില്ല ആശുപത്രി എന്ന ബോർഡ് മാറ്റി അന്നത്തെ യുഡിഎഫ് സർക്കാർ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. അന്ന് ബോർഡ് മാത്രമാണ് മാറിയത് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അൻപത് വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നുവെങ്കിലും ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അംഗീകാരം നിഷേധിക്കുകയും വിദ്യാർത്ഥികളെ പഠനത്തിനായി മറ്റു മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടതായും വന്നു.
പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സർക്കാർ ആണ് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ഇതിനെ തുടർന്നാണ് 2022 ല്‍ എംബിബിഎസിന് 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജില്‍ 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നത്. സംസ്ഥാന സർക്കാരിൻ്റെ ഈ പ്രവർത്തനങ്ങള്‍ക്ക് കൈത്താങ്ങായി കൂടെ നില്‍ക്കുകയാണ് ജോണ്‍ ബ്രിട്ടാസ് എം പി. അദ്ദേഹത്തിൻ്റെ എം പി ഫണ്ടില്‍ നിന്നും ഒന്നര കൊടി രൂപയാണ് മോഡുലാർ ഓപ്പറേഷൻ തിയേറ്ററിന് വേണ്ടി അനുവദിച്ചത്. വളരെ വേഗം തന്നെ ഇതിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇടുക്കി മെഡിക്കല്‍ കോളജ് പ്രിൻസിപ്പാള്‍ പറയുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം ഘട്ടം ഘട്ടമായി മുന്നേറുകയാണ്. ഓ പിയിലും ക്യാഷ്വാലിറ്റിയിലുമായി 1200 ഓളം ആളുകള്‍ ഒരു ദിവസം ചികിത്സ തേടുന്നു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഒരു വർഷം 100 വിദ്യാർത്ഥികള്‍ക്ക് എംബിബിഎസ് പഠനത്തിനും 60 വിദ്യാർത്ഥികള്‍ക്ക് ബിഎസ്സി നേഴ്സിങ് പഠനത്തിനുമാണ് അവസരം ഒരുങ്ങിയിട്ടുള്ളത്. നേരത്തെ മെഡിക്കല്‍ കോളജിനായി സർക്കാർ അനുവദിച്ച 40 ഏക്കർ കൂടാതെ ഇപ്പോള്‍ 50 ഏക്കർ സ്ഥലം കൂടി മെഡിക്കല്‍ കോളജിനായി അനുവദിച്ചു കഴിഞ്ഞു. അവിടെ പുതിയ കെട്ടിടങ്ങള്‍ക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്.ഇടുക്കിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്നതാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫണ്ടില്‍ പണിപൂർത്തിയാകാൻ പോകുന്ന മോഡുലാർ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്.