ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്തസംരംഭമായ ജില്ലാതല തൊഴില്‍ പരിശീലനകേന്ദ്രം ഐബിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്തസംരംഭമായ ജില്ലാതല തൊഴില്‍ പരിശീലനകേന്ദ്രം ഐബിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. അഭിമാനകരമായ പദ്ധതിയാണ് ഐബിറ്റ് തൊഴില്‍ പരിശീലന കേന്ദ്രമെന്ന് എംപി പറഞ്ഞു. സ്ത്രീകള്‍ക്ക് തൊഴില്‍ പരീശീലനം നല്‍കുന്നത് വഴി പുതിയ ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമാകും. ഇത് പ്രയോജനപ്പെടുത്തണം. ചെറിയ സംരംഭങ്ങള്‍ക്ക് പോലും അന്താരാഷ്ട്രതലത്തില്‍ വലിയ ശ്രദ്ധ ലഭിക്കുകയും അവ വ്യാവസായിക അടിസ്ഥാനത്തില്‍ വലിയ നേട്ടം കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ പരിമിതമായ ജില്ലാ ആസ്ഥാനത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ഈ റെസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.