ഇന്ന് യോഗത്തിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ: എം എം മണി

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം എം മണി എംഎൽഎ. ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ സഖാവിനായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച അനുശോചന കുറിപ്പിൽ പറഞ്ഞു. തൻ്റെ ജീവിതത്തിലെ അവസാന മണിക്കൂറിലും തന്നെ തെരഞ്ഞെടുത്ത് വിട്ട ജനതയ്ക്കായി പോരാടിയ പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങളെന്നും എം എം മണി കൂട്ടിച്ചേർത്തു.നിയമസഭയ്ക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിൻ്റെ രീതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.